Uncategorized

നിന്ന് പഴകിയ ഭക്ഷണം പിടി കൂടി

ഇരിട്ടി: ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം ഇരിട്ടി ടൗണിലും പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ ടൗണിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ഇരിട്ടി ടൗണിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇരിട്ടി നഗരസഭ ആരോഗ്യവിഭാഗം ഇരിട്ടി, കീഴൂർ, പയഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്. 18 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അഞ്ചോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ബീഫ്, പൊരിച്ച മത്സ്യം, മീൻക്കറി, കുബൂസ് അതിനൊപ്പം വിളമ്പുന്ന സലാഡ്, പച്ചടി, വറവ്, ചള്ളാസ് തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമാണ് ആരോഗ്യ വിഭാഗം പിടികൂടിയത്. കീഴൂരിലെ ശ്രീനാരായണ, പത്മിനി, വൈറ്റ് ലൈൻ, ഇരിട്ടി മേലെ സ്റ്റാൻഡിലെ റാറാവീസ് എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. സ്‌കൈ പെന്റയിൽ ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേർതിരിക്കാത്ത നിലയിലും കണ്ടെത്തി. സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് പുറമേയാണ് ഇത്തരത്തിൽ പരിശോധന നടത്തിയത് എന്ന് ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ. വി .രാജീവൻ പറഞ്ഞു.
ഹോട്ടലുകളിൽ നിന്ന് മോശം ഭക്ഷണങ്ങൾ വിളമ്പാൻ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നവരെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകിയതായും ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ് കുമാറും പറഞ്ഞു. ക്ലീൻ സിറ്റി മാനേജർക്ക് പുറമേ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ. എസ്. സന്ദീപ്, സ്വപ്നശ്രീ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരു ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകും എന്ന് നഗരസഭ അധികൃതർ പറഞ്ഞു.