കേഡറ്റുകളുമായി സംവദിച്ച് എൻസിസി ഡയറക്ടർ ജനറൽ ലെഫ്. ജനറൽ ഗുർബീർപാൽ സിംഗ്
പ
കേരള സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ എൻസിസി ഡയറക്ടർ ജനറൽ ലെഫ്. ജനറൽ ഗുർബീർപാൽ സിംഗ് കണ്ണൂർ എൻ സി സി 31 കേരള ബറ്റാലിയൻ, തലശ്ശേരി-1 കേരള എആർടിവൈ ബിടിവൈ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി കേഡറ്റുകളുമായി സംവദിച്ചു. രാഷ്ട്ര പുരോഗതിക്കായുള്ള കേഡറ്റുകളുടെ ആവേശത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിക്കുകയും തന്റെ അനുഭവങ്ങളിലൂടെ അവർക്ക് പ്രചോദനം നൽകുകയും ചെയ്തു.
ഉത്തരകേരളത്തിലെ എൻസിസി പ്രവർത്തനങ്ങളും കാസർകോട് പുതിയ എൻസിസി ബറ്റാലിയൻ ആരംഭിക്കുന്നതിനുള്ള നടപടികളും വിലയിരുത്തി. കണ്ണൂർ ജില്ലയിൽ 50 സ്ഥാപനങ്ങളിൽ നിന്നായി 5000 കേഡറ്റുകളാണുള്ളത്.
പരിപാടിയിൽ എൻസിസി കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം ആർ സുബോധ്, 31 ബറ്റാലിയൻ എൻ സി സി കമാന്റിങ്ങ് ഓഫീസർ കേണൽ അമർ സിങ്ങ് ബാലി, മറ്റ് മുതിർന്ന ആർമി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡി എസ് സി) സെന്റർ കമാൻഡന്റുമായും എൻസിസി ഓഫീസർമാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
(പടം)
നാടക പ്രവർത്തകരെ ആദരിച്ചു
സംസ്ഥാന ലൈബ്രറി കൗൺസിൽ പാലക്കാട് സംഘടിപ്പിച്ച സംസ്ഥാന നാടക മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ചെറുപഴശ്ശി നവകേരള വായനശാലയുടെ ഹാപ്പി ഡെത്ത് എന്ന നാടക സംഘത്തെ ജില്ലാ ലൈബ്രറി കൗൺസിൽ അനുമോദിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ രമേഷ് കുമാർ അഭിനേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസർ എ. ബിജു എന്നിവർ സംസാരിച്ചു.
(പടം)
23ന് എൻ പി എസ് രജിസ്ട്രേഷൻ ഉണ്ടാകില്ല
ജില്ലാ ട്രഷറിയിൽ ഏപ്രിൽ 23 ബുധനാഴ്ച എൻ പി എസ് രജിസ്ട്രേഷൻ നടപടികൾ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.
അഭിമുഖം 26 ന്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് സയന്റിഫിക് അപ്രന്റീസുമാരെ നിയമിക്കുന്നു. എം എസ് സി കെമിസ്ട്രി, മൈക്രോ ബയോളജി, എൻവയോൺമെന്റ് സയൻസ് എന്നിവയിൽ 50 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 28 വയസ്സ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രിൽ 26 രാവിലെ 10.30 ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. പ്രസ്തുത തസ്തികയിൽ മുൻ കാലങ്ങളിൽ ജോലി ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ : 04972711621