Uncategorized

എയർ ഇന്ത്യയും കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് സമരങ്ങളും സൈബർ വാറും നടത്തുമെന്ന് ആക്ഷൻ കൌൺസിൽ

കുവൈത്ത്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോട് കേന്ദ്രസർക്കാരും എയർ ഇന്ത്യയും കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് സമരങ്ങളും സൈബർ വാറും നടത്തുമെന്ന് ആക്ഷൻ കൌൺസിൽ. വിമാനത്താവളത്തിന്റെ വളർച്ചയെ മുരടിപ്പിക്കുന്ന തീരുമാനങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകാതെ കേന്ദ്രസർക്കാർ തുടരുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. ഈ പദവി ലഭിക്കാത്തതിനാൽ വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ സാധിക്കുന്നില്ല. ഇത് മലബാർ മേഖലയിലെ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്. പരിമിതമായ സർവീസുകൾ കാരണം ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര വ്യോമയാന മന്ത്രാലയം കണ്ണൂരിനെ അവഗണിക്കുന്നത് പ്രതിഷേധാർഹമാണ്. വൻതോതിൽ പ്രവാസികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ നിർമ്മിച്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും സർവീസുകൾ നിർത്തലാക്കുന്നത് ജനവഞ്ചനയാണ്. ഗൾഫ് മേഖലയിലേക്കുള്ള പല പ്രധാന സർവീസുകളും മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നു. ഇത് മറ്റ് വിമാനക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയാണ്. ഉത്സവ സീസണുകളിൽ കഴുത്തറപ്പൻ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. എയർ ഇന്ത്യയുടെ പിന്മാറ്റം ഈ ചൂഷണത്തിന് ആക്കം കൂട്ടും. അതിനാൽ, താഴെ പറയുന്ന ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി അംഗീകരിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു:

  1. കണ്ണൂർ വിമാനത്താവളത്തിന് ഉടൻതന്നെ പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കുക
  2. എയർ  ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുകയും പുതിയ സർവീസുകൾ ആരംഭിക്കുകയും ചെയ്യുക.

ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷൻ കൗൺസിൽ മുന്നറിയിപ്പ് നൽകുന്നുവെന്ന് ആക്‌ഷൻ കമ്മറ്റി ഗ്ലോബൽ കോഡിനേറ്റർമാർ പത്രകുറിപ്പിൽ അറിയിച്ചു.