സഹപാഠിക്കായി കൈകോർത്തു: 8.3 ലക്ഷത്തിന്റെ ചികിത്സാ സഹായം നൽകി മട്ടന്നൂർ പോളി പൂർവ വിദ്യാർത്ഥി കൂട്ടായ്മ
മട്ടന്നൂർ : പൂർവ വിദ്യാർത്ഥിക്ക് വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്കായി കൈകോർത്തപ്പോൾ, പൂർവ വിദ്യാർത്ഥി സംഘടന സ്വരൂപിച്ച് നൽകിയത് 8.3 ലക്ഷം രൂപ .
വി.വി. പ്രജീഷ് പ്രസിഡണ്ടും ബി.സി. ദിനേശൻ സെക്രട്ടറിയും കെ. അമൽജിത്ത് ട്രഷററുമായി പ്രവർത്തിക്കുന്ന മട്ടന്നൂർ പോളി ടെക്നിക് കോളജ് പൂർവ വിദ്യാർത്ഥി സംഘടനയാണ് മാതൃകാപരമായ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
കാടാച്ചിറ കണ്ണാടിച്ചാലിലെ സി. അഷിൽ എന്ന പോളി പൂർവ വിദ്യാർത്ഥിക്കാണ് ചികിത്സാ സഹായമായി പോളി പൂർവ വിദ്യാർത്ഥികളിൽ നിന്നും വാട്സപ്പ് ഗ്രൂപ്പ് വഴി ഏഴ് ദിവസം കൊണ്ട് സ്വരൂപിച്ച 8.3 ലക്ഷം രൂപ കൈമാറിയത്. കണ്ണാടിച്ചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള ചികിത്സാസഹായ കമ്മിറ്റിക്കാണ് തുക കൈമാറിയത്.
മട്ടന്നൂർ പോളി പൂർവ വിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡണ്ട് ഒ.കെ.പ്രസാദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.മുഹമ്മദ് ജസീം, റെനിൽ.വി.ബി, മനീഷ് കടമ്പൂർ എന്നിവർ ചേർന്ന് ചികിൽസാ കമ്മിറ്റി രക്ഷാധികാരികളായ കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. പ്രേമവല്ലി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.ബിജു , ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികൾ എന്നിവരെ ലളിതമായ ചടങ്ങിൽ വച്ച് ഈയൊരു ചികിത്സാ സഹായം ഏൽപിച്ചു.