Uncategorized

മട്ടന്നൂരിൽ കോടികൾ തട്ടി ജൂവലറി ഉടമകൾ മുങ്ങിയതായി പരാതി മൈ ഗോൾഡ് ജൂവലറി ഉടമകളുടെ പേരിൽ കേസെടുത്തു

മട്ടന്നൂർ: മട്ടന്നൂരിൽ കോടികളുടെ തട്ടിപ്പ് നടത്തി ജൂവലറി ഉടമകൾ മുങ്ങിയതായി പരാതി. പഴയ സ്വർണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വർണം നൽകുമെന്നും ആഴ്ചയിലും മാസത്തിലുമായി നിശ്ചിത തുക നിക്ഷേപിച്ചാൽ മുൻകൂറായി സ്വർണാഭരണങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മട്ടന്നൂർ-തലശ്ശേരി റോഡിലെ മൈ ഗോൾഡ് ജൂവലറി പാർട്ണർമാരായ മുഴക്കുന്ന് സ്വദേശി തഫ്‌സീർ ഉൾപ്പടെ ആറു പേർക്കെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്.
രണ്ടു ദിവസത്തിനുള്ളിൽ മട്ടന്നൂർ സ്‌റ്റേഷനിൽ 56 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതുവരെ നാലു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂവലറി ഉടമകളായ പ്രതികൾ ഒളിവിലാണെന്നും ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിൽ പറഞ്ഞു. സ്ഥാപനം ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജൂവലറിയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവി ക്യാമറകൾ അടക്കം പ്രതികൾ ഇവിടെ നിന്ന് മാറ്റിയതായാണ് വിവരം.
20 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണ് പോലീസ് കണക്കാക്കുന്നത്. മട്ടന്നൂരിലും തൃശ്ശൂരിലുമുള്ള ജൂവലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ വഞ്ചിച്ചെന്നും പരാതിയുണ്ട്. 98 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയിട്ടുണ്ട്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കാനും പ്രതികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.