ച്ചാൽ – മരുതായി റോഡ് ജനവരിയിൽ പൂർത്തിയാക്കും
മട്ടന്നൂർ
നഗരസഭയിലെ ഉരുവച്ചാലിൽനിന്ന് തുടങ്ങി മണക്കായി, കീഴല്ലൂർ, വെള്ളിയാംപറമ്പ്, കിളിയങ്ങാട് വഴി മരുതായി വരെയുള്ള കെഎസ്ടിപി റോഡ് പ്രവൃത്തി അടുത്ത ജനുവരിയിൽ പൂർത്തിയാക്കാൻ ധാരണ. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
മഴക്കാലത്ത് വീടുകളിൽ വെള്ളം കയറിയുണ്ടാകുന്ന ദുരിതം, ഡ്രെയിനേജിന് സ്ലാബിടാത്തത്, തെരുവ് വിളക്കില്ലാത്തത് തുടങ്ങി ജനങ്ങളിൽനിന്നുയർന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണും. ഇതിന്‍റെ ഭാഗമായി നഗരസഭ പരിധിയിൽ വരുന്നറോഡുകളിൽ അഞ്ച് ട്രാൻഫോമറുകൾ മാറ്റി സ്ഥാപിക്കും. തെരുവുവിളക്കുകൾ സ്ഥാപിക്കാനും അവയുടെ അറ്റകുറ്റപ്പണി നടത്താനും അഞ്ചുവർഷം വൈദ്യുതിയുടെ ബില്ലുകൾ അടക്കാനും കരാറുകാരനെ ചുമതലപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് പറഞ്ഞു. ഇതിന്‍റെ ഭാഗമായി 252 തെരുവു വിളക്കുകൾ കെഎസ്ടിപി റോഡിൽ കത്തിക്കും. റോഡ് വികസനത്തിന് സൗജന്യമായാണ് ഉടമകൾ സ്ഥലം വിട്ടുനൽകിയത്. നഗരസഭാ ചെയർമാൻ എൻ ഷാജിത്തിനു പുറമെ വൈസ് ചെയർപേഴ്സൺ ഒ പ്രീത, റോഡ് കടന്നു പോകുന്ന പ്രദേശത്തെ കൗൺസിലർമാർ, കെഎസ്ടിപി എക്സി.എൻജിനീയർ കെ രാജേഷ്, കരാറുകാരുടെ പ്രതിനിധി പി കെ സലീം എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
