പൊതുജനാരോഗ്യവും വിമാനസുരക്ഷയും: ബോധവൽക്കരണവുമായി കിയാൽ
മട്ടന്നൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ (കിയാൽ) ഏഴാം വാർഷികാഘോഷങ്ങളുടെയും ഏവിയേഷൻ ‘സേഫ്റ്റി അവയർനസ് വീക്ക് 2025’ന്‍റെയും ഭാഗമായി വിമാനത്താവള സുരക്ഷ ലക്ഷ്യമിട്ട് വിപുലമായ ബോധവൽക്കരണം സംഘടിപ്പിച്ചു. മട്ടന്നൂർ നഗരസഭയിലെ പ്രധാന മാർക്കറ്റുകളിലും തിരക്കേറിയ മറ്റ് പ്രദേശങ്ങളിലുമായാണ് ഈ പ്രചാരണ പരിപാടി നടത്തിയത്.
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ, സ്റ്റേക്ക് ഹോൾഡേഴ്‌സ്, സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
മാലിന്യ സംസ്കരണം, മാലിന്യം വലിച്ചെറിയുന്നത് തടയൽ, മാംസ-മത്സ്യ മാലിന്യങ്ങൾ കൃത്യമായും സുരക്ഷിതമായും നിർമാർജനം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവൽക്കണത്തിന്‍റെ ഭാഗമായി ലഘുലേഖകളുടെ വിതരണവും നടത്തി.
മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പൊതുയിടങ്ങളിൽ അനിയന്ത്രിതമായി കാണപ്പെടുന്നത് പക്ഷികളെയും മറ്റ് ജീവികളെയും ആകർഷിക്കും. ഇവയുടെ സാന്നിധ്യം വിമാനത്താവളത്തിന് സമീപം വർധിക്കുന്നത് വിമാനങ്ങളുടെ സുരക്ഷിതമായ ഓപ്പറേഷന് കടുത്ത ഭീഷണിയുയർത്തുന്നുണ്ട്. അതിനാൽ, കൃത്യമായ മാലിന്യ നിർമാർജനം പൊതുജനാരോഗ്യത്തിന് മാത്രമല്ല, വിമാനങ്ങളുടെ സുരക്ഷിതമായ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണെന്ന സുപ്രധാന സന്ദേശമാണ് കിയാൽ അധികൃതർ ബോധവൽക്കരണ പരിപാടികളിലൂടെ ജനങ്ങളുമായി സംവദിച്ചത്.
